ചരിത്രം
പഴയ കോട്ടയം താലൂക്കിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പ് പ്രദേശം. കോട്ടയം തമ്പുരാക്കന്മാർ കഥകളി, കൂത്ത് എന്നീ കലകളുടെ വളർച്ചയ്ക്ക് വലിയ പ്രോത്സാഹനം നൽകിയിരുന്നവരായിരുന്നു. കോട്ടയം രാജാക്കന്മാരുടെ കാലത്ത് കൂത്ത് നടത്തിയിരുന്ന പ്രദേശമാണ് പിന്നീട് കൂത്തുപറമ്പ് എന്ന് അറിയപ്പെട്ടത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിക്കെതിരെ ഇന്ത്യയിൽ സംഘടിത പ്രതിരോധം തീർത്ത ഭരണാധികാരികളിൽ ഏറ്റവും പ്രധാനിയാണ് കോട്ടയം രാജവംശത്തിലെ കേരളവർമ്മ പഴശ്ശിരാജ. കോട്ടയം രാജാക്കന്മാർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം കൂത്തുപറമ്പ് മൈതാനം പട്ടാളതാവളമായിമാറ്റുകയും ചെയ്തു. നാലാം മൈസൂർ യുദ്ധത്തിലെ വിജയത്തിനുശേഷം മലബാർ, മൈസൂർ, കാനറ മേഖലകളുടെ സൈനിക കമാണ്ടറായ ആർതർ വെല്ലസ്ലി പിന്നീട് പഴശ്ശിരാജാവിനെ നേരിടാൻ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രധാന കേന്ദ്രമായി ഈ സൈനിക താവളത്തെ മാറ്റി.അക്കാലത്തെ പ്രധാന വ്യാപാരകേന്ദ്രമായ തലശ്ശേരിയിലേക്ക് കുടകിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള പാതകൾ സംഗമിക്കുന്നത് കൂത്തുപറമ്പിന്റെ ഭാഗമായ തൊക്കിലങ്ങാടിയിലാണ്.
1939 ആഗസ്തിലാണ് കൂത്തുപറമ്പ് റവന്യു വില്ലേജ് പ്രവർത്തന പരിധിയിലെ ആമ്പിലാട്, നരവൂർ, തൃക്കണ്ണാപുരം ദേശങ്ങൾ ഉൾപ്പെടുന്ന കൂത്തുപറമ്പ് പഞ്ചായത്ത് നിലവിൽ വന്നത്. ഡോ. ഡി കുമാരൻ പ്രഥമ പ്രസിഡണ്ടായിരുന്നു. 1953 ൽ കൂത്തുപറമ്പ്, മാനന്തേരി, പാട്യം റവന്യൂ വില്ലേജുകൾ എന്നിങ്ങനെ പഞ്ചായത്തിന്റെ പരിധി വിപുലീകരിച്ചു. ശ്രീ കെ കെ നായർ പ്രസിഡണ്ടായ ഭരണസമിതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. 1960 ൽ പഞ്ചായത്ത് നിയമത്തോടെ പഞ്ചായത്ത് പരിധി കൂത്തുപറമ്പ് റവന്യു വില്ലേജ് മാത്രമായി ചുരുങ്ങി. മാനന്തേരി വില്ലേജിൽ ആയിരുന്ന മൂര്യാട് പ്രദേശത്തെ കൂത്തുപറമ്പ് അംശത്തോട് ചേർക്കുകയുണ്ടായി. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 1979 ലാണ് തിരഞ്ഞെടുപ്പ് നടന്നത്. ശ്രീ വി കെ ചന്തു പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. സ്പെഷൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കൂത്തുപറമ്പിനെ 1990 ഏപ്രിൽ 1 ന് നഗരസഭയായി ഉയർത്തി. 1995 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ ചെയർപേഴ്സണായി സി വി മാലിനിയും വൈസ് ചെയർമാനായി എന് കെ ശ്രീനിവാസൻ മാസ്റ്ററും ചുമതലയേറ്റു.
2000-2005 കാലയളവിൽ ശ്രീ കെ ധനഞ്ജയൻ ചെയർമാനും ശ്രീ എൻ വാസു മാസ്റ്റർ വൈസ് ചെയർമാനായുള്ള ഭരണസമിതിയും, 2005-2010 വരെ ശ്രീ എൻ കെ ശ്രീനിവാസൻ മാസ്റ്റർ ചെയർമാനും ശ്രീ എൻ വാസു മാസ്റ്റർ വൈസ് ചെയർമാനായുള്ള ഭരണസമിതിയുമാണ് കൂത്തുപറമ്പ് നഗരസഭയിൽ നിലവിലുണ്ടായിരുന്നത്.
2010 ൽ നടന്ന തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി അഡ്വ പത്മജാ പത്മനാഭനും വൈസ് ചെയർമാനായി ശ്രീ പി എം മധുസൂദനനും 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ ശ്രീ എം സുകുമാരൻ ചെയർമാനും ശ്രീമതി മറിയം ബീബി വൈസ് ചെയർപേഴ്സണായും ഉള്ള ഭരണസമിതിയും നിലവിൽ വന്നു.
2020 – 2025 കാലയളവിൽ ശ്രീമതി വി സുജാത ടീച്ചർ ചെയർപേഴ്സണും ശ്രീ രാമകൃഷ്ണൻ മാസ്റ്റർ വൈസ് ചെയർമാനായ ഭരണസമിതിയും നിലവിൽ വന്നു.
29 വാർഡുകളുള്ള കൂത്തുപറമ്പ് നഗരസഭയിൽ 2025 മുതൽ ശ്രീ വി ഷിജിത്ത് ചെയർപേഴ്സണും ശ്രീമതി എം വി ശ്രീജ വൈസ് ചെയർപേഴ്സണുമായ ഭരണസമിതിയാണ് നിലവിലുള്ളത്.
ജനസംഖ്യ ( 2011 സെൻസസ് പ്രകാരം)
ആകെ ജനസംഖ്യ -- 29619
പുരുഷന്മാർ -- 13454
സ്ത്രീകൾ -- 16165
ജനസാന്ദ്രത -- 1767/ച. കി മീ
സാക്ഷരത
ശരാശരി - 96.76
പുരുഷന്മാർ - 98.18 %
സ്ത്രീകൾ - 95.61 %