കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
പരിസ്ഥിതിയും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുകയും അതോടൊപ്പം ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളോടും സമീപനങ്ങളോടും ഏറ്റവും വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന രീതിയിലും, ദ്രുതഗതിയിൽ വികസിക്കുന്ന ഒരു നഗരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ സമൂഹത്തെയാകെ സജ്ജരാക്കുക എന്നതാണ് കൂത്തുപറമ്പ് നഗരസഭയുടെ കാഴ്ചപ്പാട്.
ദൗത്യം
ശാക്തീകരണവും ഉൾപ്പെടുത്തലും
ആസൂത്രണത്തിലും നടത്തിപ്പിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കൽ, സന്നദ്ധപ്രവർത്തകരുടെ ഗ്രൂപ്പുകളെ വളർത്തിയെടുക്കുകയും ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക. യുവജനങ്ങളുടെ മികച്ച കൂട്ടായ്മകളായി വാർഡുസഭകളെ മാറ്റിയെടുക്കുക, പരാതികളും ആവശ്യങ്ങളും അറിയിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനങ്ങൾ വിപുലപ്പെടുത്തുക.
ഗുണനിലാവരമുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും (അടിസ്ഥാന സൗകര്യവികസനം )
സ്മാർട്ട് റോഡുകൾ - ഫുട്പാത്തുകൾ, ആധുനിക രീതിയിലുള്ള ഡ്രെയിനേജ് സംവിധാനം ഒരുക്കൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ, മികച്ച പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും, ഉത്തരവാദിത്വ ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാൻ മുഴുവൻ പേരുടേയും പിന്തുണ ഉറപ്പാക്കുകയും ചെയ്യുക. നഗരസഭയുടെ എല്ലാ മേഖലകളിലും എൽ ഇ ഡി/സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, മുഴുവൻ ജനങ്ങൾക്കും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക. നിലവിൽ ഏറ്റെടുത്ത സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ബസ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കുക.
സുസ്ഥിര വികസനം (ആരോഗ്യ-ശുചിത്വ ദൗത്യം)
സ്വാഭാവിക പരിസ്ഥിതിക്കും വിഭവങ്ങൾക്കും കോട്ടം തട്ടാതെയുള്ള വികസനം നടപ്പാക്കുക, ജല സ്ത്രോതസ്സുകളുടെ സംരക്ഷണം, സോളാർ പദ്ധതികൾ വ്യാപിപ്പിക്കൽ, ഇ വി ചാർജിംഗ് കേന്ദ്രങ്ങൾ ഒരുക്കൽ എന്നിവയും മാലിന്യപരിപാലനത്തിനായി ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കി മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയും ഭൂരിഭാഗം മാലിന്യങ്ങളും ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക. വീടുകളടക്കമുള്ള എല്ലാ സ്ഥാപനങ്ങളും മാലിന്യ നിർമാർജ്ജനത്തിന്റെ മികച്ച മാതൃകകളാക്കിത്തീർക്കുക, പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക്കുകളിൽ നിന്നും പൂർണ്ണമായി വിമുക്തമായ ഒരു നഗരം എന്ന ലക്ഷ്യം കൈവരിക്കുക, വളരുന്ന ഒരു നഗരം എന്ന നിലയിൽ ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരാവുന്ന ദ്രവമാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമായി ആയത് സംസ്കരിക്കുന്നതിനായി ആധുനിക ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുക.
നല്ല ഭരണവും സുതാര്യതയും (സുതാര്യമായ സേവനങ്ങൾ)
ഡിജിറ്റൽ യുഗത്തിലേക്ക് മുന്നേറുന്ന സമൂഹത്തിന് ആവശ്യമുള്ള സേവനങ്ങൾ മാറ്റങ്ങൾ ഉൾക്കൊണ്ട് വേഗത്തിൽ നൽകുക, അതുപോലെ ഏത് തട്ടിലുമുള്ള ജനങ്ങളേയും അത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനവും നൽകി അവരുടെ തൊഴിൽ നൈപുണ്യം വികസിപ്പിക്കുക.
സാമ്പത്തിക വളർച്ചയും അവസരങ്ങളും
അന്തർ സംസ്ഥാനപാത കടന്നുപോകുന്ന ഒരു നഗരം എന്ന നിലയിൽ വാണിജ്യ വ്യപാരരംഗത്തുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി പാർക്കിംഗ് സൗകര്യങ്ങൾ, ഫുഡ് സ്ട്രീറ്റുകൾ, എന്നിവ ഒരുക്കുകയും ടേക്ക് എ ബ്രേക്ക് സംവിധാനങ്ങൾ വിപുലപ്പെടുത്തന്നതിനും ശ്രമിക്കുക. ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ വികസിപ്പിക്കുകയും ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള പ്രചരണങ്ങൾ സംഘടിപ്പിക്കുക. പ്രാദേശിക സംരംഭങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ഓൺലൈൻ വിപണി കണ്ടെത്തുന്നതിന് സഹായങ്ങൾ നൽകുക.
സാമൂഹ്യക്ഷേമവും സുരക്ഷയും (സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ)
മുതിർന്ന പൗരന്മർക്ക് ഒത്തുചേരുവാനും അവരുടെ മാനസിക – ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന വയോജന സൗഹൃദ പാർക്കുകൾ സ്ഥാപിക്കുകയും, മറ്റ് സാംസ്കാരിക കേന്ദ്രങ്ങൾ, കൗൺസിലിംഗ് കേന്ദ്രങ്ങൾ എന്നിവയും കുട്ടികൾക്ക് പാർക്കുകൾ, കായിക പരിശീലത്തിനുള്ള സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കൽ, ജെൻ സി ആൽഫ സ്ട്രീറ്റ് (Gen Z Alpha Street) നിർമ്മിക്കൽ, സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ സ്ഥാപിക്കൽ, വനിതാ ക്ലബുകൾ രൂപീകരിച്ച് കൂട്ടായ്മകൾ സൃഷ്ടിക്കൽ എന്നിവയും പ്രധാന ദൗത്യങ്ങളിൽ ഉൾപ്പെടുന്നു.e.